2021, ജൂൺ 24, വ്യാഴാഴ്‌ച

............ നഷ്‌ട വസന്ത സമൃതികള്‍............!!

കാവിൽകോട്ടയിൽ നിന്ന് ഗോവിന്ദപുരത്തേക്കുള്ള ഇന്നത്തെ പ്രധാന വഴി അന്നു  കഷ്ടിച്ച് ഒരാൾക്ക് മാത്രം നടന്നുപോകുവാൻ കഴിഞ്ഞിരുന്ന ചെങ്കുത്തായ ഇറക്കവും, തിരിവുകളുമുള്ള കല്ലും, മണ്ണും നിറഞ്ഞ  നടവഴിയായിരുന്നു.   ഓലമേഞ്ഞതും, ഓടുമേഞ്ഞതുമായ ചുരുക്കം ചില വീടുകള്‍. മാനാരിപറമ്പ്, നാകേരിപറമ്പ്  എന്നിങ്ങനെ പറമ്പുകളുടെ പേരിലായിരുന്നു അവയെല്ലാം അറിയപ്പെട്ടതും.. മഞ്ഞയും, ചുവപ്പും നിറത്തില്‍ തേനൂറുന്ന പറങ്കിമാങ്ങകളുമായി പറങ്കിമാവിൻ കൂട്ടങ്ങൾ, ശീമക്കൊന്നകള്‍‍,  അപ്പയെന്ന് വിളിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പച്ചകള്‍,  ഇളം കാറ്റിലും ആടിയുലഞ്ഞ് ഭീതിപരത്തുന്നതിനോടൊപ്പം പാമ്പുകൾക്ക് ശയ്യ ഒരുക്കിയ മുളങ്കുട്ടങ്ങൾ, ഭീമാകാരികളായ യക്ഷി പനകള്‍,   വിഷ പാമ്പിൻ്റെ വായയിൽ നിന്ന് വരുന്നതെന്ന് അമ്മൂമ്മ പറയുന്ന പപ്പട പുട്ടിൻ്റെ  രൂക്ഷമായ നാറ്റമുള്ള കുറ്റികാടുകളും,  രാവെന്നോ പകലെന്നോ ഇല്ലാതെ   കുറുക്കന്‍മാരുടെയും, കാട്ടുപൂച്ചകളുടെയും വിഹാരകേന്ദ്രം.  ഉറക്കെ ഒച്ചവെച്ചാല്‍   ആരും കേൾകാത്ത  പ്രേതാലയം പോലിരുന്ന ഇടവഴി.   മണ്ണ് വകഞ്ഞ കൂനകളും, ശീമക്കൊന്നയും, ഇല്ലിയും മുള കമ്പുകളൂം ചേർത്ത് കെട്ടിയ വേലികളും, പുൽത്തൈല പുല്ലുകളും, മാവും, പ്ലാവും വൻ മരങ്ങളുമാണ് പല പറമ്പുകളുടെ അതിർത്തിയേതെന്നറിയിച്ചത്. സ്ക്കൂള്‍ കണ്ടുപിടിച്ചവനെ ശപിച്ച്  മര പലക സ്ക്രീനാല്‍ തിരിച്ച  സരസ്വതി ടീച്ചറുടെ ഒന്നാം ക്ലാസിലേക്ക് അമ്മയുടെ കൈയ്യും പിടിച്ച്  കരഞ്ഞു കലങ്ങിയ കണ്ണുകളാല്‍ ചെന്നു കയറിയതും  പിന്നീട് അയല്‍ക്കാരായ ഇന്ദിര ചേച്ചിയുടെയും, ഉമ ചേച്ചിയുടെയും കൂടെ പുസ്തക പെട്ടിയും തൂക്കി സ്ക്കൂളിലേക്ക് പോയിരുന്നതും,    സ്ക്കൂള്‍ ശിപായിയായിരുന്ന വേണുവേട്ടന്‍    ഇരുമ്പ് വളയത്തില്‍  ഇരുമ്പ് വടിയെടുത്ത്  തല്ലുമ്പോഴുള്ള ബെല്ലെന്ന ശബ്ദം പ്രദേശമാകെ മുഴങ്ങിയിരുന്നതും ഇന്നും ചെറു നൊമ്പരമായി നില്‍പ്പൂ.. ചേച്ചിമാരെല്ലാം ഉയര്‍ന്ന സ്ക്കൂളിലേക്ക്പ്പോയപ്പോള്‍  പുതിയ കൂട്ടുകാരോടൊപ്പമായി എന്‍റെ യാത്ര.. സ്ക്കൂള്‍ മാനേജരുടെ കൊച്ചുമകനും ഈയുള്ളവന്‍റെ ബാല്യകാല സുഹൃത്ത് അനിയുടെ കൂടെയായിരുന്നു പിന്നത്തെയാത്ര.നാലാം തരം കഴിഞ്ഞപ്പോള്‍ അവനും നഗരത്തിലെ  സ്ക്കൂളിലേക്കുപോയി.ഗോവിന്ദപുരം സ്ക്കൂളിലേക്ക് ഒറ്റക്ക്   ഇട വഴിയിലൂടെ പോവുക.. ഇന്നും ഓർക്കുമ്പോള്‍ അന്നത്തെ ആ ഭയപ്പാട്  ഓര്‍മ്മയില്‍ മായാതെനില്‍പ്പൂ.. മഴക്കാലത്ത്  കളകളാരവത്തോടെ  കുത്തിയൊലിച്ചുവരുന്ന മഴവെള്ളപ്പാച്ചില്‍ ഇടവഴിയെ ചെറു തോടിന്‍െറ വേഷഭൂഷാദികള്‍ അണിയിക്കുമായിരുന്നു. . മഴ മാറിയാലും  വെള്ളം നിറഞ്ഞിരിക്കുന്ന കുഴികളില്‍  കുഞ്ഞന്‍ തവളകള്‍ കണ്ണുകൾ മാത്രം പുറത്തുകാണെ ഒളിച്ചിരിപ്പാവും.ഇടതുകാല്‍ കുഴിയിലെ വെള്ളത്തില്‍ ചാടിക്കുത്തി വലതുകാലിനാല്‍, ഉയര്‍ന്നു വന്ന വെള്ളത്തെ ‘ടപ്പേ’ എന്ന് പൊട്ടിക്കുന്ന സ്ക്കൂൾ വിട്ട് വരുന്ന വിരുതന്മാരുടെ  രസകരമായ വിദ്യ എത്ര പണിപ്പെട്ടിട്ടും എനിക്കത് സ്വായത്തമായതുമില്ല. ചിന്നം പിന്നിയുള്ള മഴയത്ത് സ്ലേറ്റ്മയയ്ക്കാൻ വെള്ളത്തണ്ടും,  വഴിയരികിലെ മൺതിട്ടകളിൽ  കണ്ണിലെഴുതാൻ വെള്ളവുമായി നിൽക്കുന്ന മഴത്തുള്ളി ചെടികളും,  കള്ളനും പോലീസുമെന്ന് വിളിച്ചിരുന്ന പായലും പറിച്ചെടുക്കാൻ ഇടവഴിയിലെ മൺ മതിലിനുമുകളിൽ വലിഞ്ഞ്കയറിയതും, പത്മനാഭന്‍ മാസ്റ്ററുടെ കൈവേല ക്ലാസ്സിനു തെക്കുപടിഞ്ഞാറായി നിന്ന മാവിലെ പച്ചമാങ്ങ എറിഞ്ഞുവീഴ്ത്തിയതും, രമണി ടീച്ചറുടെ ഡ്രില്‍ ക്ലാസ്സിലെ 1 2 3 എക്സര്‍ സൈസുകളും പിന്നെ കല്ലുകള്‍ അടുക്കിവെച്ചുള്ള ശണ്ട കളിയും,  പാടുവാനും, പ്രസംഗിക്കുവാനുമുള്ള പാഠങ്ങള്‍ പകര്‍ന്നുതന്ന വെള്ളിയാഴ്ചകളിലെ സാഹിത്യ സമാജ വേദികളും..   നഷ്‌ട വസന്ത യാത്രക്കായ് .. കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കില്‍....